Latest Updates

ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ ഉടന്‍ മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃത്രിമ ബുദ്ധി, സെമികണ്ടക്ടര്‍, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയവ രാജ്യത്തിന്റെ വളര്‍ച്ചയുടെ മേഖലയില്‍ പുതിയ എന്‍ജിനുകളായി മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ഇന്ത്യ ഇന്ന് അവസരങ്ങളുടെ നാടാണെന്നും അതിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ഫലങ്ങള്‍ എല്ലാവരിലേക്കും എത്തുന്നുണ്ടന്നും, പുതിയ ഇന്ത്യയുടെ ആകാശത്തിന് പരിധിയില്ലെന്നും മോദി പറഞ്ഞു. അഞ്ച് വിദേശരാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടമായാണ് മോദി ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെത്തിയത്. 1999ന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയക്ഷി സന്ദര്‍ശനമാണ് മോദിയുടേത്. അവിടുത്തെ ഇന്ത്യന്‍ പ്രവാസി സംഘത്തെയും മോദി അഭിനന്ദിച്ചു. അവര്‍ അവരുടെ മണ്ണ് ഉപേക്ഷിച്ചെങ്കിലും ആത്മാവിനെ ഉപേക്ഷിച്ചില്ലെന്ന് മോദി പറഞ്ഞു. അവര്‍ ഗംഗയെയും യമുനയെയും ഉപേക്ഷിച്ചു. പക്ഷെ രാമായണത്തെ ഹൃദയത്തിലേറ്റി. അവര്‍ വെറും കുടിയേറ്റക്കാരല്ല, കാലാതീതമായ ഒരുനാഗരികതയുടെ സന്ദേശവാഹകരാണ്. അവരുടെ സംഭാവനകള്‍ ഈ രാജ്യത്തിന്റെ സാംസ്‌കാരിക, സാമ്പത്തിക, ആത്മീയകാര്യങ്ങളില്‍ ഏറെ ഗുണകരമായിട്ടുണ്ടെന്നും മോദി പറഞ്ഞു. അയോധ്യ രാമക്ഷേത്രത്തിന്റെ ചെറുപകര്‍പ്പും സരയൂ നദിയിലെ വെള്ളവും നിങ്ങള്‍ക്കായി കൊണ്ടുവന്നതായും മോദി പറഞ്ഞു. സരയൂ നദിയിലെയും മഹാംകുംഭത്തില്‍ നിന്നും കൊണ്ടുവന്ന പുണ്യജലം ഇവിടെയുള്ള ഗംഗാധാരയിലേക്ക് സമര്‍പ്പിക്കാന്‍ ഇവിടുത്തെ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായും മോദി പറഞ്ഞു. ഈ പുണ്യജലങ്ങള്‍ ഈ ദ്വീപിലെ ജനസമൂഹത്തെ അനുഗ്രഹിക്കട്ടെയെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഉയര്‍ച്ചയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.'ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. താമസിയാതെ, ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഒന്നായി നാം മാറും. ഇന്ത്യയുടെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ഫലങ്ങള്‍ ഏറ്റവും ദരിദ്രജനവിഭാഗത്തിലേക്ക് എത്തുന്നു,' അദ്ദേഹം പറഞ്ഞു. 'നൂതനവും ഊര്‍ജ്ജസ്വലവുമായ' യുവാക്കളാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് കരുത്ത് പകരുന്നതെന്ന് മോദി പറഞ്ഞു.'ഇന്ന്, ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് കേന്ദ്രമാണ് ഇന്ത്യ. ഈ സ്റ്റാര്‍ട്ടപ്പുകളില്‍ ഏതാണ്ട് പകുതിയോളം പേരും സ്ത്രീകളാണ്. ഏകദേശം 120 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂണികോണ്‍ പദവി ലഭിച്ചു,' അദ്ദേഹം പറഞ്ഞു.' ലോകത്തിലെ തത്സമയ ഡിജിറ്റല്‍ ഇടപാടുകളുടെ ഏകദേശം 50 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് മോദി പറഞ്ഞു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയെ യുപിഐ തെരഞ്ഞെടുത്ത ആദ്യത്തെ രാജ്യമായതില്‍ അഭിനന്ദിക്കുന്നു.'ഇനി പണം അയയ്ക്കുന്നത് ഒരു 'സുപ്രഭാതം' ടെക്സ്റ്റ് സന്ദേശം അയയ്ക്കുന്നത് പോലെ എളുപ്പമായിരിക്കും. വെസ്റ്റ് ഇന്‍ഡീസ് ബൗളിങിനെക്കാള്‍ വേഗത്തിലായിരിക്കുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു,' അദ്ദേഹം പറഞ്ഞു.

Get Newsletter

Advertisement

PREVIOUS Choice